കൂടുതൽ ശബ്ദമുയർത്തണമായിരുന്നു; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിലപാട് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വീഴ്ച വരുത്തുന്നു: ശശി തരൂർ

single-img
26 February 2023

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിലപാട് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വീഴ്ച വരുത്തുവെന്ന് പ്ലീനറി സമ്മേളനത്തില്‍ ശശി തരൂര്‍. ബില്‍ക്കിസ് ബാനു, പശുവിന്റെ പേരിലുള്ള കൊലപാതകം തുടങ്ങിയ സമാനമായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശബ്ദം ഉയര്‍ത്തണമായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുമ്പോള്‍ നമ്മള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ പ്രധാന ഉത്തരവാദിത്തതോടെ നമ്മള്‍ അടിയറവ് പറയേണ്ടിവരുമെന്നും തരൂര്‍ പറഞ്ഞു. ‘കോൺഗ്രസ് പാർട്ടി ഭൂരിപക്ഷത്തിന്റെ വികാരങ്ങളില്‍ പോറലേല്‍ക്കുമെന്ന് കരുതി ചില വിഷയങ്ങളില്‍ നിലപാട് എടുക്കാതിരിക്കുകയോ ചിലതില്‍ പിന്നോട്ട് നില്‍ക്കുകയോ ചെയ്യുന്ന പ്രവണത ബിജെപിക്കേ ഗുണം ചെയ്യുകയുള്ളൂ.

നാം നമ്മുടെ ശരിയായ ബോധ്യങ്ങളെ ധൈര്യത്തോടെ ഉയര്‍ത്തിപ്പിടിക്കാനാകണം. ബില്‍ക്കിസ് ബാനു വിഷയം, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മുസ്‌ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കല്‍ തുടങ്ങിയ സമാനമായ വിഷയങ്ങളില്‍ നമുക്ക് കൂടുതല്‍ ശബ്ദം ഉയര്‍ത്താമായിരുന്നു’, തരൂര്‍ വ്യക്തമാക്കി.കോൺഗ്രസ് പാർട്ടി നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ വേരുകള്‍ ശക്തിപ്പെടുത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.