2028ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളം ഭരിക്കും; അന്ന് വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും: കെ മുരളീധരൻ


കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം എന്നു പറയുമ്പോള്‍ ജനങ്ങൾ കെ.കരുണാകരനെ ഓര്‍ക്കുന്നതുപോലെ വിഴിഞ്ഞം എന്ന പേര് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ സ്മരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു മുരളീധരന്റെ പ്രതികരണം. ആരൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഈ കാര്യങ്ങളൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്നും 2028ല്‍ തുറമുഖ കമ്മിഷനിങ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പോൾ തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും, തിരുവനന്തപുരത്ത് ജനകീയനായി താന്‍ അറിയപ്പെടുന്നതിനു കാരണം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്നും മുരളീധരന്‍ ഓർമ്മിച്ചു . എംഎല്‍എയായിരുന്ന വര്‍ഷങ്ങള്‍ നിയന്ത്രണങ്ങൾ ഇല്ലാതെ ഫണ്ട് അനുവദിച്ചതുകൊണ്ടാണ് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞത്. എംഎല്‍എമാര്‍ക്ക് ആറു കോടി രൂപയുടെ ഫണ്ട് അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തായിരുന്നുവെന്നും മുരളീധരന്‍ ഓർമ്മിച്ചു .