ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അങ്ങേ അറ്റത്തെ അഭിമാനം;ആ സംസ്കാരം കോൺഗ്രസിന് ഇല്ലാതെപോയി: ഇപി ജയരാജൻ


അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അങ്ങേ അറ്റത്തെ അഭിമാനമുണ്ട്. ആ സംസ്കാരം കോൺഗ്രസിന് ഇല്ലാതെ പോയല്ലോ. മുഖ്യമന്ത്രിക്കെതിരായ വിമർശനം അപക്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് ഇടതുമുന്നണി സർക്കാർ ചെയ്തത്. ഒരാളേപോലും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്നും ഇപി. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോൺഗ്രസും യുഡിഎഫുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ സംഘടനാ സംവിധാനം എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാൽ തീരുമാനം ഉടനുണ്ടാകും. തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്ന് പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം തള്ളി, ഇഎംഎസിനും നായനാർക്കും എതിരെ മത്സരം ഉണ്ടായിട്ടില്ലേയെന്ന് ചോദിച്ച ഇടത് കൺവീനർ, ദുർബല രാഷ്ട്രീയമുള്ളവരാണ് തെരഞ്ഞെടുപ്പ് ഭയപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും വിശദീകരിച്ചു.