ഗിമ്മിക്കുകളിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു; കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു: കെകെ ശൈലജ
നിയമ സഭയിൽ അനാവശ്യമായ ബഹളങ്ങളുന്നയിച്ചും എറ്റവും അവസാനം സ്പീക്കറെ ഉൾപ്പെടെ അധിക്ഷേപിച്ചും വാച്ച് & വാർഡിനെ കൈയ്യേറ്റം ചെയ്തും തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടർന്നുവരുന്നത് എന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെകെ ശൈലജ .
സഭ ഗൗരവകരമായി ചർച്ച ചെയ്യേണ്ട സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചും, ഗിമ്മിക്കുകളിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചും കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് ശൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു..
രാഷ്ട്രീയ വിരോധം മുൻനിർത്തി അനിതര സാധാരണമായ അവഗണനയാണ് കേന്ദ്ര സർക്കാർ കേരളത്തോട് തുടർന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ടുന്ന ജിഎസ്ടി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ന്യായമായ അവകാശങ്ങൾ പോലും കൃത്യമായി അനുവദിക്കാത്ത കേന്ദ്രം വിവിധ രീതികളിൽ സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നും പണം തിരിച്ച് ചോദിക്കുകയും ചെയ്യുന്നത് മലയാളികളോടാകെയുള്ള വഞ്ചനയാണെന്നും അവർ ആരോപിച്ചു.
ഈ രാഷ്ട്രീയ പകപോക്കലിനെ തുറന്നുകാണിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്ന് മാത്രമല്ല ഇത്തരം വിഷയങ്ങൾ സജീവ ചർച്ചയാവേണ്ടുന്ന വേളയിൽ സഭയ്ക്ക് അകത്തും പുറത്തും അനാവശ്യ ബഹളങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും കെ കെ ശൈലജ ഓർമ്മപ്പെടുത്തി.