പോപ്പുലർ ഫ്രണ്ടുമായി കൂട്ടുകൂടിയാണ് കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിനെ നേരിടുന്നത്; ആരോപണവുമായി അണ്ണാമലൈ
നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി (പി എഫ് ഐ) കൂട്ടുകൂടിയാണ് കോൺഗ്രസ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ആരോപണവുമായി ബി ജെ പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ രംഗത്ത്. തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി എസ് ഡി പി ഐ പോലുള്ള പാർട്ടികളുമായി കോൺഗ്രസ് കൂട്ടുകൂടുകയാണ്. അതിലൂടെ നിരോധിത സംഘടനയായ പി എഫ് ഐയുടെ സഹായമാണ് കോൺഗ്രസ് തേടുന്നതെന്നും അണ്ണാമലൈ ട്വിറ്ററിൽ എഴുതി.
മാത്രമല്ല, തീവ്രവാദികൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയതിൽ ഒരാളെ കോൺഗ്രസ് സംസ്ഥാനത്തെ സ്ഥാനാർഥിയാക്കിയെന്നും ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്തിന്റെ രാജ്യത്തിന്‍റെ അഖണ്ഡതയെക്കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുന്നവരാണ് ഇത്തരത്തിലുള്ളവരെ സ്ഥാനാർഥിയാക്കുന്നത്. ഇനിയെങ്കിലും സ്വയം പരിഹസിക്കുന്നത് കോൺഗ്രസ് നിർത്തണമെന്നും അണ്ണാമലൈ ട്വീറ്റിൽ കുറിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സോണിയ ഗാന്ധിയുടെ ചിത്രങ്ങളടങ്ങുന്ന കോൺഗ്രസിന്‍റെ ട്വീറ്റും ഒപ്പം ചേർത്തായിരുന്നു അണ്ണാമലൈയുടെ ഈ ആരോപണം.