കോണ്‍ഗ്രസ് അധികാരത്തില്‍ വരാനോ തീരുമാനങ്ങളെടുക്കാനോ പോകുന്നില്ല: അമിത് ഷാ
ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ദശകങ്ങളായി കോണ്‍ഗ്രസ് പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും പ്രീണിപ്പിച്ചു കൊണ്ട്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ, വോട്ട് നേടാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിനെതിരെ ബിജെപി നീണ്ട പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവർക്കുള്ള ന്യൂനപക്ഷ വോട്ട് ബാങ്കിനെ നിലനിര്‍ത്തുന്നതിന് വേണ്ടി പൗരത്വ ഭേദഗതി നിയമത്തെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി കോണ്‍ഗ്രസ് വിഭജന തന്ത്രത്തില്‍ അഭയം തേടുകയാണെന്നും അമിത് ഷാ ആരോപിച്ചു.
‘കോണ്‍ഗ്രസ് കേന്ദ്രത്തിൽ അധികാരത്തില്‍ വരാനോ തീരുമാനങ്ങളെടുക്കാനോ പോകുന്നില്ല. ഞാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് തരികയാണ്, പൗരത്വ നിയമവും മൂന്ന് ക്രിമിനല്‍ നിയമവും നടപ്പിലാക്കുമെന്ന്. എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കും. അതില്‍ ഒരു സംശയവും ഇല്ല.
ഇതോടൊപ്പം കോണ്‍ഗ്രസ് നേതാക്കളോട് ഒരു കാര്യം ഉപദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിങ്ങള്‍ പ്രീണന രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുവരികയും വികസന അജണ്ടയില്‍ കേന്ദ്രീകരിക്കാനും ശ്രമിക്കുക.’, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.