കോൺഗ്രസിനെ സാധാരണക്കാർക്കിടയിൽ കാണാത്തതിന് കാരണം സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമായതിനാൽ: ഗുലാം നബി ആസാദ്
കോൺഗ്രസിൽ നിന്നും പുറത്തുവന്നശേഷം പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. തന്റെ പുതിയ പാർട്ടിയുടെ പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും എന്നും എല്ലാവർക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാനി പേര് ആയിരിക്കും പാർട്ടിയുടേതെന്നും ജമ്മുവിലെ സൈനിക് ഗ്രൗണ്ടിൽ നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനത്തിലും കോൺഗ്രസ് നേതൃത്വത്തെ ഗുലാം നബി ആസാദ് രൂക്ഷമായി വിമർശിച്ചു. ട്വിറ്റർ കൊണ്ടോ കംമ്പ്യൂട്ടറ് കൊണ്ടോ അല്ല രക്തം നൽകിയാണ് ഞങ്ങൾ കോൺഗ്രസിനെ വളർത്തിയതെന്നും, ഞങ്ങളെ കുറ്റപ്പെടുത്തുന്നവരുടെ സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഇടയിൽ കോൺഗ്രസിനെ കാണാത്തതെന്നും ആസാദ് പറഞ്ഞു.
കോൺഗ്രസിൽ നിന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ പ്രകാരം കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക എന്നതായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി പ്രഖ്യാപിച്ചു.