കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണ്; ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ല: ഇ പി ജയരാജന്‍
സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിൽ മുസ്ലീം ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നുവെന്ന് എല്‍ഡിഎഫ്. മൂന്ന് സീറ്റിൽ കൂടുതൽ ലീഗിന് അവകാശം ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു.
മുന്നണിയിൽ കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണ്. ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ലെന്നും ഇ പി ജയരാജന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. അതേപോലെ തന്നെ സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമാണിത്. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തിയില്ല.
കേരളത്തിൽ ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ സീറ്റുകൾ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിനിടെ കെ സുധാകരന്‍ നടത്തിയ അസഭ്യ പ്രയോഗത്തെയും ഇ പി ജയരാജന്‍ പരിഹസിച്ചു. എന്ത് അസഭ്യവും പറഞ്ഞ് കഴിഞ്ഞ് ഒടുവിൽ സഹോദരങ്ങളെന്ന് പറയും, അതാണ് കോൺഗ്രസെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു.