രാജസ്ഥാനിലെ സംഘടനാ ചുമതലയില്‍ നിന്നും മാറ്റണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍

single-img
16 November 2022

തന്നെ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംഘടന ചുമതലയില്‍ നിന്നും നീക്കണം എന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പുതിയ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തെഴുതി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ അഞ്ചിന് രാജസ്ഥാനില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ നീക്കം.

രാജസ്ഥാനിൽ കോണ്‍ഗ്രസിനുള്ളിൽ നടക്കുന്ന സംഘടന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്തതും സെപ്തംബര്‍ 25 ന് നടന്ന നിയമസഭ കക്ഷി യോഗ ബഹിഷ്‌കരണവുമാണ് അജയ് മാക്കനെ രാജി സന്നദ്ധതയിലേക്ക് നയിച്ചത്.

അടുത്ത മാസം 5ന് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനാല്‍ എത്രയും വേഗം പുതിയ ജനറല്‍ സെക്രട്ടറി ചുമതലയേല്‍ക്കേണ്ടത് അനിവാര്യമാണെന്നും അജയ് മാക്കന്‍ തന്റെ ഒരു പേജുള്ള കത്തില്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

ഖാര്‍ഗെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ മറ്റ് ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം അജയ് മാക്കന്‍ രാജിവച്ചിരുന്നു. പക്ഷെ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയില്‍ അജയ് മാക്കാന്‍ തുടരുകയായിരുന്നു.