ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

single-img
26 August 2023

ദില്ലി: ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് സന്ദര്‍ശന സമയത്ത് കാര്‍ഗിലില്‍ നടന്ന സമ്മേളനത്തിലാണ് ചൈന ഇന്ത്യന്‍ ഭൂമിയിലേക്ക് കടന്നുകയറിയെന്ന ആരോപണം രാഹുല്‍ ശക്തമാക്കിയത്. ഒരു കാര്യം വ്യക്തമാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഭൂമിയാണ് ചൈന ഇന്ത്യയുടെ കയ്യേറിയിട്ടുള്ളത്.

ലഡാക്ക് ഒരു സ്ട്രാറ്റജിക് മേഖലയാണ്. എന്നാല്‍ പ്രതിപക്ഷ സമ്മേളനത്തില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് പറഞ്ഞത് ദുഖിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ലഡാക്കിലുള്ള എല്ലാവര്‍ക്കുമറിയാം ലഡാക്കിലെ ഭൂമി ചൈന കയ്യേറിയിട്ടുണ്ട്. ലഡാക്ക് സന്ദര്‍ശനം വെറുപ്പിനും അക്രമത്തിനുമെതിരെയുള്ള യാത്രയെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. തണുപ്പ് കാലത്ത് കനത്ത മഞ്ഞ് വീഴ്ച നിമിത്തം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ലഡാക്കില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനാലാണ് മോട്ടോര്‍ ബൈക്കില്‍ ലഡാക്കിലെത്തിയതെന്നും രാഹുല്‍ കാര്‍ഗിലിലെ റാലിയില്‍ പറഞ്ഞു.

നേരത്തെ ഓഗസ്റ്റ് 20ന് രാഹുല്‍ നരേന്ദ്ര മോദിക്കെതിരെ ഇന്ത്യ ചൈനാ അതിര്‍ത്തി വിഷയത്തില്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ലഡാക്കിലെ ആളുകളുമായി സംവദിച്ചതില്‍ നിന്ന് വ്യക്തമായ കാര്യമെന്നാണ് രാഹുല്‍ വിമര്‍ശനത്തെ വിശേഷിപ്പിച്ചത്. ലഡാക്കിലെ ജനങ്ങളുടെ രാഷ്ട്രീയ സ്വരം അടിച്ചമര്‍ത്തിയിരിക്കുകയാണ്. തൊഴില്‍സംബന്ധിയായ സര്‍ക്കാരിന്‍റെ എല്ലാ വാഗ്ദാനവും തെറ്റാണെന്ന് തെളിഞ്ഞു, മൊബൈല്‍ നെറ്റ്വര്‍ക്ക് പോലും ലഭ്യമല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.