ഔദ്യോഗിക വസതി ഒഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി


ഔദ്യോഗിക വസതി ഒഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ, എംപിയ്ക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയണമെന്ന് കാണിച്ച് പാര്‍ലമെന്റ് ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ താന്‍ ഉറപ്പായും പാലിക്കുമെന്ന് വ്യക്തമാക്കി പാര്‍ലമെന്റ് ഹൗസിങ് കമ്മിറ്റിക്ക് രാഹുല്‍ മറുപടി നല്‍കി.
‘കഴിഞ്ഞ 4 തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഞാന്‍ പാലിക്കും’- രാഹുല്‍ മറുപടി കത്തില്‍ വ്യക്തമാക്കി.
രാഹുല്‍ അയോഗ്യനാക്കപ്പെടുന്നതോടെ, പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് നേരത്തെ ലോക്‌സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്ബര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 23ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം.
വിഷയത്തില്‍ പ്രതികരണവുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ ദുര്‍ബലമാക്കാന്‍ എല്ലാ ശ്രമങ്ങളും അവര്‍ നടത്തും. വസതി ഒഴിയുകയാണെങ്കില്‍ അദ്ദേഹം അമ്മയോടൊപ്പം താമസിക്കും, അല്ലെങ്കില്‍ എനിക്കൊപ്പം വരാം, അതുമല്ലെങ്കില്‍ എന്റെ വസതി ഞാന്‍ ഒഴിഞ്ഞുനല്‍കും’- ഖാര്‍ഗെ പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശ്രമിക്കുന്ന കേന്ദ്രത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഇത് ശരിയായ വഴിയല്ല. ഞങ്ങള്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിക്കുന്നത് കാലതാമസം ഉണ്ടായിട്ടുണ്ട്. എനിക്ക് ആറുമാസം കഴിഞ്ഞാണ് കിട്ടിയത്. ഇതെല്ലാം മനുഷ്യരെ അപമാനിക്കാന്‍ വേണ്ടിയാണ്’- ഖാര്‍ഗെ പറഞ്ഞു.