മണ്ഡലം ഭാരവാഹികളായി’എ ഗ്രൂപ്പ്’ നിര്‍ദേശിച്ചവരെ തഴഞ്ഞു; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കളുടെ രാജിഭീഷണി
രാജി ഭീഷണിയുമായി മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍. ആര്യാടന്‍ ഷൗക്കത്ത്, വി എ കരീം, വി സുധാകരന്‍, റിയാസ് മുക്കോളി എന്നിവരടങ്ങുന്ന സംഘം മഞ്ചേരിയില്‍ രഹസ്യയോഗം ചേര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനായി എ ഗ്രൂപ്പ് നല്‍കിയ പട്ടിക തള്ളി എന്നാണു ഇവരുടെ ആരോപണം.
മലപ്പുരം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, എ പി അനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ ലിസ്റ്റ് അട്ടിമറിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതി നല്‍കാനാണ് തീരുമാനം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
സമവായ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച പേരുകള്‍ പോലും ഒഴിവാക്കിയാണ് മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചതെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ആകെയുള്ള 110 മണ്ഡലം പ്രസിഡന്റുമാരില്‍ 100 പേരുടെ ലിസ്റ്റ് ഏകകണ്ഠമായി കമ്മിറ്റി അംഗീകരിച്ചിരുന്നു. 10 ല്‍ താഴെ മണ്ഡലങ്ങളില്‍ മാത്രമാണ് തര്‍ക്കം ഉണ്ടായത്. എന്നാല്‍ തര്‍ക്കരഹിതമായ 100 മണ്ഡലങ്ങളിലെ 15 ഓളം പേരുകള്‍ ഏകപക്ഷീയമായി മാറ്റുകയും തര്‍ക്കമുണ്ടായിരുന്ന 10 ല്‍ താഴെ മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പ്രസിഡന്റുമാരെ നിയമിച്ചെന്നും കത്തില്‍ ആരോപിക്കുന്നു.
ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചപ്പോഴും ജില്ലാ സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് തീരുമാനങ്ങള്‍ വന്നതെന്നും നേതാക്കള്‍ ആരോപിച്ചു. പുനഃസംഘടനയിലെ അഹിതമായ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി മുതല്‍ മണ്ഡലം തലം വരെ പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെക്കാന്‍ ഒരു്ങുകയാണെന്നും നേതാക്കള്‍ പറയുന്നു.