അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ കോൺഗ്രസ് നേതാവിന്റെ ഹർജി


അമേരിക്ക ആസ്ഥാനമായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹർജിക്കാരി.
ശരിയായി അന്വേഷിക്കാതെ അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയതിന് എൽഐസിക്കും എസ്ബിഐക്കും എതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യം . അതേസമയം അദാനിയുടെ ഭൂരിഭാഗം കമ്പനികളും ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അദാനി പോർട് ഒഴികെ മറ്റെല്ലാ കമ്പനികളുടേയും ഓഹരി മൂല്യം തുടക്കം മുതൽ ഇടിയുന്ന പ്രവണതയാണ് കാണപ്പെട്ടത്. അതിനിടെ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്.
ഈ ശ്രമത്തിന്റെ ഭാഗമായി കമ്പനിയുടെ സ്വതന്ത്ര ഓഡിറ്റിംഗ് നടത്താൻ ഒരു സ്ഥാപനത്തെ നിയോഗിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നു. അക്കൗണ്ടൻസി സ്ഥാപനമായ ഗ്രാൻഡ് തോൺടണെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. കൂടുതൽ മൂലധന സമാഹരണത്തിനായി അബുദാബി ഇൻ്റര്‍നാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനിയുമായും അദാനി ഗ്രൂപ്പ് ചർച്ച നടത്തുകയാണ്.