അയോഗ്യതയിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ചു സി പി എം; പിന്തുണയിൽ പന്തികേടുണ്ടോ എന്ന് അന്വേഷിച്ചു കോൺഗ്രസ്
സൂറത്ത് കോടതി വിധിയെ തുടർന്ന് പാർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സി പി എം നൽകുന്ന പിന്തുണയിൽ അന്തം വിട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. കേന്ദ്ര-സംസ്ഥാന നേതാക്കൾ മുതൽ സോഷ്യൽ മീഡിയയിലെ കടന്നലുകൾ വരെ സ്വിച്ചിട്ടതു പോലെയാണ് രാഹുൽ ഗാന്ധിയെ പ്രതിരോധിച്ചും, പിന്തുണച്ചും രംഗത്ത് വന്നത്.
ഇത് ശരിക്കും അതുഭുതപ്പെടുത്തിയത് കേരളത്തിലെ കോൺഗ്രസ് നേതാക്കളെയാണ്. സി പി എമ്മിന്റെ കേന്ദ്ര നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നു എങ്കിലും കേരളത്തിലെ നേതാക്കളുടെയും സോഷ്യൽ മീഡിയയിലെ കടന്നലുകളുടെയും പിന്തുണ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നില്ല.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ സംഘപരിവാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന നീക്കം എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ചുറ്റുമുള്ളവരുടെയും മേൽ കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ അതിൽ നിന്നും പ്രതിപക്ഷ സമരത്തെ ദുര്ബലമാക്കാൻ വേണ്ടി ആണ് എന്നാണു ചില നേതാക്കളുടെ വിലയിരുത്തൽ.
മാത്രമല്ല 2019 ൽ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എൽഡിഎഫിന്റെ കൂട്ടത്തോൽവിയുടെ ഒരു കാരണം എന്നതിനാൽ രാഹുൽ ഗാന്ധി 2024 ൽ വീണ്ടും വയനാട്ടിൽ സി പി എമ്മിനെതിരെ മത്സരിക്കാതിരിക്കാൻ വേണ്ടി ഉള്ള തന്ത്രത്തിന്റെ ഭാഗമാണ് എന്ന വിലയിരുത്തലും ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്.