ഉപതെരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് അജ്ഞാതർ തീയിട്ടു
അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് അജ്ഞാതർ തീയിട്ടു. അടുത്ത മാസം മൂന്നിനാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മണ്ഡലത്തിലെ നല്‍ഗൊണ്ട ജില്ലയിലെ ചന്ദൂറിലെ പാര്‍ട്ടി ഓഫീസിനാണ് അജ്ഞാതര്‍ തീയിട്ടത്. ഈ സമയം ഓഫീസിൽ സൂക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ കത്തിനശിച്ചു. പ്രതിപക്ഷ സംസ്ഥാനത്തെ പാര്‍ട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതുപോലെയുള്ള നടപടികള്‍ കൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയില്ലെന്ന് പിസിസി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു. മണ്ഡലത്തിലെ കോൺഗ്രസ് എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത്തവണ ഇവിടെ ത്രികോണ മത്സരമാണ് നടക്കുന്നത്. മണ്ഡലം നിലനിർത്താൻ കോണ്‍ഗ്രസും പിടിച്ചെടുക്കാനായി ടിആര്‍എസും ബിജെപിയും ശ്രമിക്കുന്നു. പാല്‍വൈ ശ്രാവന്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയെയാണ് ടിആര്‍എസ് മത്സരിപ്പിക്കുന്നത്.