കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. അവസാന ദിനം ഇരു സ്ഥാനാര്‍ഥികളും പ്രചാരണം ശക്തമാക്കി. ശശി തരൂര്‍ ഉത്തര്‍പ്രദേശിലെ ലക്നൗവിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വന്തം നാടായ കര്‍ണാടകത്തിലും ആണ് ഇന്ന് പ്രചാരണം നടത്തുക.
നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തുകയാണ്. മൂവായിരത്തിലധികം വരുന്ന വോട്ടര്‍മാര്‍ നാളെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. എ.ഐ.സി.സി ആസ്ഥാനത്ത് പരിശീലനം ലഭിച്ച പ്രദേശ് റിട്ടേണിങ് ഓഫീസര്‍മാര്‍ ബാലറ്റ് പെട്ടിയും ബാലറ്റുകളുമായി ഇന്ന് ചുമതലയുള്ള പിസിസികളില്‍ എത്തും. പ്രചാരണത്തിന്‍റെ അവസാന ദിനം പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വോട്ട് തേടാന്‍ ആണ് ശശി തരൂരിന്‍റെ തീരുമാനം.
ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ നേതാക്കളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ച ശേഷം തരൂര്‍ കേരളത്തില്‍ എത്തും. എതിര്‍ സ്ഥാനാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ ജന്മനാടായ കര്‍ണാടകയില്‍ എത്തിയിരുന്നു. ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണവും കര്‍ണാടകത്തില്‍ ആണ്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂടുതല്‍ നേതാക്കളെ തനിക്ക് അനുകൂലമാക്കി രംഗത്ത് കൊണ്ട് വരാന്‍ ആണ് ശശി തരൂരിന്‍റെ നീക്കം. തരൂരിന് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയുടെ അപ്രഖ്യാപിത വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ കമല്‍നാഥ് തരൂരിന് സ്വീകരണം ഒരുക്കിയത്.