തരൂർ പൊരുതി തോൽക്കും, പക്ഷെ ഉന്നയിച്ച വിഷയങ്ങൾ തെരഞ്ഞെടുപ്പിന് ശേഷവും നിലനിൽക്കും


കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഫലം എന്താകുമെന്ന് വ്യക്തം. പക്ഷെ ശശി തരൂരിനെ ഇരുപത്തിരണ്ട് വർഷങ്ങള്‍ക്ക് മുന്‍പ് സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ജിതേന്ദ്ര പ്രസാദിനു കിട്ടിയ 94 വോട്ടുകൾക്ക് പിന്നിലാക്കാൻ ഉള്ള ശ്രമം വിജയിക്കില്ല.
ആകെ 9308 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ശശി തരൂരിന് 3000 ലധികം വോട്ടുകൾ ലഭിക്കും എന്നാണു പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ നിന്നും പ്രതീക്ഷത്തിൽ അധികം വോട്ടു ലഭിക്കും എന്ന് തന്നെയാണ് ശശി തരൂർ ക്യാമ്പ് കരുതുന്നത്.
ഏറെ പ്രത്യേകതകൾ ഉള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്ന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിനിടയിൽ ആറാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഇലക്ഷൻ നടന്നതാകട്ടെ 22 വർഷം മുൻപും.
പ്രചാരണം കൊണ്ട് ഏറെ ശ്രദ്ധേയമായ ഇലക്ഷനാണ് ഇപ്പോൾ നടന്നത്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം അക്കമിട്ടു നിരത്തിക്കൊണ്ടായിരുന്നു ശശി തരൂരിന്റെ ഇലക്ഷൻ പ്രചാരണം നടത്തിയത്. വർഷങ്ങളായി പാർലമെന്ററി ബോർഡ് ഇല്ല എന്നതടക്കമുള്ള പ്രചാരണങ്ങൾ ഇലക്ഷന് ശേഷവും കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ച കൾക്ക് വഴിവെക്കും. പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദ്ദേശം കോൺഗ്രസ് നേതൃർത്വം സ്വീകരിക്കാൻ ഇടയില്ല എങ്കിലും കോൺഗ്രസിന്റെ പ്രവർത്തന ശൈലിയിൽ ചില മാറ്റങ്ങൾക്കു വഴി വെച്ചേക്കും എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകരാൻ ശശി തരൂരിന് കഴിഞ്ഞു എന്നതിൽ ആർക്കും സംശയം ഇല്ല എന്നതും ഏറെ ശ്രദ്ധേയമാണ്.