ഒഡീഷ ട്രെയിൻ ദുരന്തം; ഇന്ന് ടിവി ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എല്ലാ പ്രവര്‍ത്തകരും മുന്നിട്ട് ഇറങ്ങണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഷ്ട്രീയ – ഭേദമില്ലാതെ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണം.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രിയോടും റെയില്‍വേ മന്ത്രിയോടും ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഈ രീതിയിൽ ഒരു സംഭവം എങ്ങനെ ഉണ്ടായെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും അവര്‍ പറഞ്ഞേ മതിയാകും. പക്ഷെ , ഇന്ന് ഇതിനുള്ള സമയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ന് വൈകിട്ട് ടിവി ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.