രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്; രാജ് ഘട്ടില്‍ ഇന്ന് സത്യഗ്രഹം
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. ഇതിന്റെ ഭാഗമായി രാജ് ഘട്ടില്‍ കോൺഗ്രസ് നേതാക്കൾ ഇന്ന് സത്യാഗ്രഹമിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.
രാജ് ഘട്ടിനു പുറമെ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ഗാന്ധി പ്രതിമക്ക് മുന്‍പിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. രാവിലെ പത്തുമണിമുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള സത്യഗ്രഹസമരം നടത്തുക. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും
തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
നേരത്തെ, അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും തന്നെ നിശബ്ദമാക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.