രാഷ്ട്രീയ പ്രവർത്തനം എന്നാൽ ക്രിമിനൽ പ്രവർത്തനമെന്നാണ് കോൺഗ്രസ് കരുതുന്നത്: വി വസീഫ്

single-img
11 July 2024

കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയത് മുതൽ ക്രിമിനലുകളെ പാർട്ടിയിലേക്ക് എത്തിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. തൻ പറഞ്ഞതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും തിരുവനന്തപുരത്ത് നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കവേ വസീഫ് പറഞ്ഞു. .

‘ധീരജിൻ്റെ കൊലപാതകത്തിൽ നിഖിൽ പൈലി തന്റെ കുഞ്ഞെന്നാണ് സുധാകരൻ പറഞ്ഞത്. കലാലയങ്ങളിൽ നിന്ന് എസ് എഫ് ഐ ഇല്ലാതെയാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. നിഖിൽ പൈലി യൂത്ത് കോൺഗ്രസിൻ്റെ ഭാരവാഹിത്വത്തിലേക്ക് എത്തുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്.

കേരളത്തിൽ യൂത്ത് കോൺഗ്രസിന് ഒരു പ്രിവിലേജ് ഉണ്ട്. യൂത്ത് കോൺഗ്രസ് അക്രമം നടത്തിയാൽ അത് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല എന്നതാണത് . കോൺഗ്രസ് പാർട്ടി കേരളത്തിൽ വലിയ ഒരു അക്രമം അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു.

തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമ്മിച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുകയാണ് യൂത്ത് കോൺഗ്രസ്. അങ്ങനെ തെരഞ്ഞെടുക്കപെട്ടതാണ് സുഹൈൽ. രാഷ്ട്രീയ പ്രവർത്തനം എന്നാൽ ക്രിമിനൽ പ്രവർത്തനമെന്നാണ് കോൺഗ്രസ് കരുതുന്നത്. ക്രൂരമായി ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ടിട്ടും അത് വാർത്തയാക്കാൻ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല’- വി വസീഫ് പറഞ്ഞു.