വീടുകൾ കയറിയുള്ള പ്രചാരണത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കും: ജയറാം രമേശ്
ജമ്മു കശ്മീരിലെ കത്വയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച നടത്തിയ മാധ്യമപ്രസംഗത്തിനിടെ കോൺഗ്രസ് എംപിയും ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് ബിജെപിയ്ക്കും ആർ എസ് എസിനുമെതിരെ രൂക്ഷ വിമർശനം നടത്തി.
“ബിജെപിയും ആർഎസ്എസും രാജ്യത്തെ നശിപ്പിച്ചു,” രമേഷ് പറഞ്ഞു, “ജനുവരി 26 മുതൽ മാർച്ച് 26 വരെ പാർട്ടിയുടെ രണ്ട് മാസം നീണ്ടുനിൽക്കുന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ കാമ്പയിനിൽ ജനങ്ങളെ കണ്ട് കോൺഗ്രസ് അവരുടെ ആശയങ്ങൾക്കെതിരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു..
വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം രാജ്യത്തെ 10 ലക്ഷം പോളിങ് ബൂത്തുകളിൽ ഓരോ വീട്ടിലും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റപത്രം ശനിയാഴ്ച ഡൽഹിയിൽ പുറത്തുവിടും.
ആറ് ലക്ഷം ഗ്രാമങ്ങളിലെയും 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലെയും 10 ലക്ഷം പോളിങ് ബൂത്തുകളിലെ ഓരോ വീടുകളിലും കോൺഗ്രസ് പ്രവർത്തകർ എത്തുമെന്നും മോദി സർക്കാരിന്റെ പരാജയത്തിനെതിരെ രാഹുൽ ഗാന്ധി എഴുതിയ കത്തും കുറ്റപത്രം നൽകുമെന്നും രമേശ് പറഞ്ഞു.