രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും

single-img
7 September 2022

രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. കന്യാകുമാരി മുതൽ കാശ്മീർ വരെ 6 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ യാത്ര. ഇതിന്റെ ഭാഗമായി കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ഇന്ന് കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിലുടനീളമുണ്ടാവുക. ഓരോ സംസ്ഥാനത്തും സ്ഥിരം പദയാത്രികരുമുണ്ടാകും.

ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഒരു മണിയോടെ ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് തിരുവള്ളൂർ സ്മാരകവും പിന്നീട് വിവേകാനന്ദ സ്മാരകവും കാമരാജ് സ്മാരകവും സന്ദർശിക്കും. തുടർന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാർത്ഥനായോഗത്തിൽ പങ്കുചേർന്ന് യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണപതാക സ്വീകരിക്കും

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ പറഞ്ഞത്. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വിവരിച്ചിരുന്നു.