ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്. നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിന് നിർദ്ദേശം വയ്ക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചു. രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ യോഗം ഉടൻ ചേരും. നിയമമന്ത്രാലയ ഉദ്യോഗസ്ഥർ രാംനാഥ് കോവിന്ദിനെ കണ്ടു.
ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഈയാഴ്ച തന്നെ യോഗം ചേരാനാണ് നീക്കം. തുടര്‍ച്ചയായ സിറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. കോൺഗ്രസ് ലോക്സഭാ കക്ഷി അധിര്‍ രഞ്ജന്‍ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയെ സമിതിയിലേക്ക് ക്ഷണിക്കും. ഡിഎംകെയും സമിതിയെ എതിര്‍ക്കുന്നതിനാല്‍ അടുത്ത സാധ്യത വൈഎസ്ആര്‍ കോണ്‍ഗ്രസിനാകും. അതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലുളള അതൃപ്തി രാഹുല്‍ ഗാന്ധി പരസ്യമാക്കി. ഇന്ത്യയെന്നത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ആ കൂട്ടായ്മയക്കും, സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു.
ഇന്ത്യ സഖ്യത്തിലും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിളിച്ച പാര്‍ലമെന്‍റ് സമ്മേളനം സ്തംഭിപ്പിക്കാനാണ് നീക്കം. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന്‍റെ അജണ്ടയും മറ്റൊന്നല്ലെന്നാണ് വിവരം. അതേസമയം പരാജയ ഭീതികൊണ്ടാണ് പ്രതിപക്ഷം ഒരു ഒരു തെരഞ്ഞെടുപ്പ് സമിതിയേയും പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെയും എതിര്‍ക്കുന്നതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും, അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.