ബിജെപിയെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല എന്ന് പറയുന്ന കോണ്‍ഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല: മന്ത്രി എംബി രാജേഷ്

single-img
21 April 2024

ഇടതിന് ഇന്ത്യയില്‍ എന്താണ് സ്ഥാനം എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തില്‍ കേള്‍ക്കുന്നത് ഒരു രാഷ്ട്രീയ വിഡ്ഢിയുടെ സ്വരമാണെന്ന് മന്ത്രി എംബി രാജേഷ്. അവസാന പത്തു വര്‍ഷം മോദി ഭരണത്തിനെതിരായ എല്ലാ പോരാട്ടങ്ങളുടെയും ചാലകശക്തിയായി ഇടതുപക്ഷം ഉണ്ടായിരുന്നു.

അതേസമയം കോണ്‍ഗ്രസ് ഒരു സമരമുഖത്തും ഉണ്ടായിരുന്നില്ലെന്നും എംബി രാജേഷ് പറഞ്ഞു. ബിജെപിയെ എതിര്‍ക്കാന്‍ സൗകര്യമില്ലെന്ന് പറയുന്ന കോണ്‍ഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസിലാവില്ല. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി കൂപ്പുകയ്യോടെ നിന്ന വിഡി സതീശന് ഒട്ടും മനസ്സിലാവില്ലെന്നും മന്ത്രി രാജേഷ് വിമര്‍ശിച്ചു.

എംബി രാജേഷിന്റെ കുറിപ്പ്:

ഇടതിന് ഇന്ത്യയില്‍ എന്താണ് സ്ഥാനമെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തില്‍ കേള്‍ക്കുന്നത് ഒരു രാഷ്ട്രീയ വിഡ്ഢിയുടെ സ്വരമാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ യോഗേന്ദ്ര യാദവിന്റെ ഇന്റര്‍വ്യൂ എങ്കിലും വായിച്ചിരുന്നെങ്കില്‍ ഇത്ര പരിഹാസ്യമായ ഒരു ചോദ്യം ഇപ്പോള്‍ ചോദിക്കാന്‍ വിഡി സതീശന്‍ ധൈര്യപ്പെടുമായിരുന്നില്ല. താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലെങ്കിലും ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര കാതല്‍ എന്നാണ് യോഗേന്ദ്ര യാദവ് ഇടതുപക്ഷത്തെ വിശേഷിപ്പിക്കുന്നത്. ചിന്തിക്കുന്ന, രാഷ്ട്രീയ അവിവേകിയല്ലാത്ത ഏതൊരാളും അങ്ങനെയേ പറയൂ.

കഴിഞ്ഞ പത്തു വര്‍ഷം മോദി ഭരണത്തിനെതിരായ എല്ലാ പോരാട്ടങ്ങളുടെയും ചാലകശക്തിയായി ഇടതുപക്ഷം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഒരു സമരമുഖത്തും ഉണ്ടായിരുന്നില്ലതാനും. ഐതിഹാസികമായ, മോഡി ഭരണത്തെ മുട്ടുകുത്തിച്ച, കര്‍ഷക നിയമങ്ങള്‍ പിന്‍വലിപ്പിച്ച കര്‍ഷകപ്രക്ഷോഭത്തില്‍ നിറഞ്ഞത് ചെങ്കൊടികള്‍ ആയിരുന്നു. അറസ്റ്റിലായവരില്‍ അനേകം ഇടതു നേതാക്കള്‍ ഉണ്ടായിരുന്നു.

വി ഡി സതീശന്റെ നേതാവ് രാഹുല്‍ഗാന്ധി ഉണ്ടായിരുന്നോ? പൗരത്വ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഇന്ത്യയില്‍ എമ്പാടും ഇടതുപക്ഷമുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി രാജയും ആനി രാജായുമൊക്കെ ഉണ്ടായിരുന്നു. ഏത് കോണ്‍ഗ്രസ് നേതാവ് ഉണ്ടായിരുന്നു?

ഇലക്ടറല്‍ ബോണ്ട് എന്ന ലോകത്തിലെ ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടുവന്നത് സിപിഐഎം നടത്തിയ നിയമ പോരാട്ടമായിരുന്നു. അതിന്റെ ഫലമായാണല്ലോ സുപ്രീംകോടതി ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് ആവട്ടെ ബിജെപിക്കൊപ്പം ബോണ്ട് വിഴുങ്ങിയവരാണ്. ജെ എന്‍ യു ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍വകലാശാലകളിലെ മോദി ഭരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നയിച്ചത് ഇടതു സംഘടനകള്‍ ആയിരുന്നു.

ഒടുവില്‍ മോദി ഭരണത്തിന്റെ എല്ലാ അടിച്ചമര്‍ത്തലുകളെയും നേരിട്ട് ജെ എന്‍ യുവില്‍ എ ബി വി പിയെ തോല്‍പ്പിച്ചത് ഇടതുസഖ്യം ആയിരുന്നു. അവിടെ സതീശന്‍ പണ്ട് നേതാവായിരുന്ന എന്‍ എസ് യു ആര്‍ക്കൊപ്പം ആയിരുന്നു? പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലും വെട്ടി വര്‍ഗീയ വല്‍ക്കരിച്ചപ്പോള്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്തു ചെയ്യുകയായിരുന്നു? കേരളത്തിലെ ഇടതുസര്‍ക്കാര്‍ അല്ലേ കേന്ദ്രം വെട്ടിയതെല്ലാം പഠിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്?

ഗുജറാത്തിലെ വംശഹത്യയില്‍ കൂട്ടബലാല്‍സംഗത്തിനും കൂട്ടക്കൊലയ്ക്കും ഇരയായ കുടുംബത്തിലെ ഏക അതിജീവിത ബിള്‍ക്കീസ് ബാനുവിനെ കൂട്ട ബലാല്‍സംഗം ചെയ്ത പ്രതികള്‍ക്ക് മോദി സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയപ്പോള്‍ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധം നടത്തി പ്രതികളെ ജയിലില്‍ അടച്ചത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയാണ്. സോണിയ ഗാന്ധിയും പ്രിയങ്കയും എന്തെടുക്കുകയായിരുന്നു? ഡല്‍ഹിയില്‍ ബിജെപിയുടെ ബുള്‍ഡോസറുകള്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ഇടിച്ചു നിരത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാളത്തില്‍ ഒളിച്ചില്ലേ? ബുള്‍ഡോസറിനു മുന്നില്‍ നിന്ന് തടയുന്ന സിപിഐഎം നേതാവ് വൃന്ദാ കാരാട്ടിന്റെ ചിത്രം മതേതര ഇന്ത്യക്ക് മറക്കാനാവുമോ?

കാശ്മീര്‍ എന്ന സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വെട്ടുമുറിച്ച് ഒരു തുറന്ന ജയിലാക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയ രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരി ആയിരുന്നില്ലേ? കോണ്‍ഗ്രസ് പകച്ചു നിന്നപ്പോള്‍ കാശ്മീര്‍ ജനതയ്ക്ക് ഒപ്പം നിന്ന് പൊരുതിയത് മുഹമ്മദ് യൂസഫ് തരിഗാമിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം ആയിരുന്നില്ലേ? കഴിഞ്ഞ 10 വര്‍ഷം മോദി വാഴ്ചക്കെതിരെ ഇന്ത്യയിലാകെ പടര്‍ന്ന സമരങ്ങളില്‍ ഉയര്‍ന്ന മുഷ്ടിയും മുദ്രാവാക്യവും പതാകയും ഇടതുപക്ഷത്തിന്റേതാണ്.

വോട്ടിനായി മാത്രം മാളത്തില്‍ നിന്ന് പുറത്തുവരുന്ന പെരുച്ചാഴികളായ കോണ്‍ഗ്രസിനെ പോലെയല്ല പത്തുവര്‍ഷവും പൊരുതി നിന്ന ഇടതുപക്ഷം. ബിജെപിയെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല എന്ന് പറയുന്ന കോണ്‍ഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി കൂപ്പുകയ്യോടെ നിന്ന വിഡി സതീശന് ഒട്ടും മനസ്സിലാവില്ല.