കേന്ദ്രം അരികൊടുത്തില്ല; ‘അന്ന ഭാഗ്യ ‘ക്ക് പകരമായി കർണാടകയിൽ പണ കൈമാറ്റ പദ്ധതി ആരംഭിക്കുമെന്ന് കോൺഗ്രസ്
സംസ്ഥാന സർക്കാരിന്റെ അന്ന ഭാഗ്യ തെരഞ്ഞെടുപ്പ് ഗ്യാരന്റിക്ക് പകരമായി കർണാടകയിൽ പണ കൈമാറ്റ പദ്ധതി ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കർണാടകയിലെ എല്ലാ കുടുംബങ്ങൾക്കും “അന്നഭാഗ്യ ” പ്രകാരം 10 കിലോ അരി സൗജന്യമായി നൽകണം.
എന്നാൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കളിക്കുന്ന നിസാര രാഷ്ട്രീയമാണ് പദ്ധതി തൽക്കാലം ഉപേക്ഷിക്കാൻ പാർട്ടിയെ നിർബന്ധിതരാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
കർണാടകയിലെ പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷയിൽ മോദി സർക്കാർ നിസാര രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അന്നഭാഗ്യ ഗ്യാരന്റി അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അധിക അരി ലഭിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും മോദി സർക്കാരിന്റെ ചെയ്തികൾക്ക് സംസ്ഥാന സർക്കാർ ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 12 ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) “അന്ന ഭാഗ്യ” ത്തിന് ആവശ്യമായ അധിക അരി വിതരണം ചെയ്യാൻ സമ്മതിച്ചു, ഇതിന് സംസ്ഥാന സർക്കാർ ഒരു കിലോ അരിക്ക് 34 രൂപ നിരക്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, ഒരു ദിവസം കഴിഞ്ഞ് (ജൂൺ 13) മോഡി സർക്കാർ അനുമതി റദ്ദാക്കി, അതേസമയം എത്തനോൾ ഉത്പാദകർക്ക് കിലോയ്ക്ക് 20 രൂപയ്ക്ക് അരി വിൽക്കുന്നത് തുടരാൻ എഫ്‌സിഐയെ അനുവദിച്ചു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ നൽകിയ ഉറപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിൽ കുലുങ്ങില്ല. അതിനാൽ, തൽക്കാലം, റേഷൻ കാർഡിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 4.42 കോടി ആളുകൾക്ക് ഓരോ മാസവും 170 രൂപ വിതരണം ചെയ്യുന്ന ഒരു പദ്ധതി ഇന്ന് ആരംഭിക്കുന്നു, ”- ജയറാം രമേശ് പറഞ്ഞു.
ധാരാളം ബഫർ സ്റ്റോക്കുകൾ ലഭ്യമാണെങ്കിലും മോദി സർക്കാർ അവസാന നിമിഷം ഇടപെട്ട് അരി വിൽപ്പന നിർത്തിയില്ലെങ്കിൽ സംസ്ഥാന സർക്കാർ എഫ്‌സിഐക്ക് നൽകുമായിരുന്ന തുകയ്ക്ക് തുല്യമാണ് ഈ കൈമാറ്റം,” അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്‌സിഐയിൽ നിന്ന് കർണാടക സർക്കാർ അരി വാങ്ങുന്നത് തടഞ്ഞ മോദി സർക്കാർ, കർണാടകയിൽ നിന്ന് അരി വാങ്ങില്ലെന്ന വ്യവസ്ഥയിൽ സ്വകാര്യ വ്യാപാരികൾക്ക് ഇ-ലേലം ചെയ്യാൻ എഫ്‌സിഐയോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് ആരോപിച്ചു.