കർണാടകയിൽ കോൺഗ്രസ് വിജയിക്കും: വീരപ്പ മൊയ്‌ലി


കർണാടകയിൽ ‘മാറ്റത്തിന്റെ കാറ്റ്’ വീശുകയാണെന്ന് വാദിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടുമെന്നും ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂർണമായും അടക്കുമെന്നും അവകാശപ്പെട്ടു.
മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിന് അനുകൂലമായി വീശുന്നു. ബിജെപി ആകെ തകർന്ന നിലയിലാണ്. ബിജെപിയി അണികളുടെ ആത്മവിശ്വാസം പൂർണ്ണമായും തകർന്നു, ടിക്കറ്റ് നിഷേധിക്കപ്പെട്ട് പലരും രാജിവെച്ച് കോൺഗ്രസിന് കീഴിൽ അഭയം തേടുകയാണ്- വീരപ്പ മൊയ്‌ലി പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ കർണാടക എല്ലായ്‌പ്പോഴും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം കേന്ദ്രത്തിൽ 2024 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനതാദൾ (സെക്കുലർ) ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നും എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള പാർട്ടി അവസരവാദ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും വീരപ്പ മൊയ്‌ലി ആരോപിച്ചു.
കർണാടകയിലെ ബസവരാജ് ബൊമ്മൈ സർക്കാരിന് കീഴിൽ ഭരണം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ച മുൻ കേന്ദ്രമന്ത്രി, സംസ്ഥാനത്ത് “അഴിമതി വ്യാപകമാണെന്ന്” ആരോപണം ഉന്നയിച്ചു.
ഇരട്ട എൻജിൻ സർക്കാരിനെക്കുറിച്ച് ബിജെപി സംസാരിച്ചെങ്കിലും ഒരു പദ്ധതിക്കും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.