ക്രൈം മിനിസ്റ്റര്‍, മിസ്റ്റര്‍ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകൂ; പൂനെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുമായി കോണ്‍ഗ്രസ്

single-img
31 July 2023

നാളെ മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുമായി കോണ്‍ഗ്രസ്. നഗരത്തിൽ വ്യാപകമായി ‘ഗോ ബാക്ക് മിസ്റ്റര്‍ ക്രൈം മിനിസ്റ്റര്‍’, ‘മിസ്റ്റര്‍ പ്രധാനമന്ത്രി, മണിപ്പൂരിലേക്ക് പോകൂ, പാര്‍ലമെന്റിനെ അഭിമുഖീകരിക്കൂ’ എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധ സൂചകമായാണ് കോണ്‍ഗ്രസിന്റെ യുവജന വിഭാഗം രംഗത്തിറങ്ങിയത്. അതേസമയം, ഈ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതിനായി പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, മണിപ്പൂരിലെ അക്രമങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ഈ വിഷയങ്ങളില്‍ പൂനെ നഗരത്തിലുടനീളം പോസ്റ്റര്‍ പതിപ്പിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനം.അതേസമയം, ചൊവ്വാഴ്ച പൂനെയിലെത്തുന്ന മോദി ദഗ്ദുഷേത് മന്ദിറില്‍ പൂജ നടത്തും. തുടര്‍ന്ന് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങും.