പിന്തുണ രഹസ്യമല്ല; തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രകടനം

single-img
14 October 2022

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് മുതിർന്ന നേതാക്കൾ പിന്തുണ നൽകാതെ ഒഴിഞ്ഞുമാറവെ അതൊന്നും സാധാരണ പ്രവർത്തകരെ ബാധിക്കുന്നില്ല. ഇതിനോടകം സംസ്ഥാന വ്യാപകമായി പലയിടത്തും ശശി തരൂരിനെ അനുകൂലിച്ച് പ്രവ‍ര്‍ത്തകര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു.

ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ ശശി തരൂർ അനുകൂല പ്രകടനവുമുണ്ടായി. ഏകദേശം ഇരുപതോളം കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിക്കുകയായിരുന്നു.

കോൺഗ്രസിനെ ശരിയായി നയിക്കാനുംസംഘടനയുടെ മികച്ച ഭാവിക്കും ശശി തരൂര്‍ എഐസിസി പ്രസിഡന്റാകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ മല്ലികാര്‍ജുന ഖാര്‍ഗെയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സാധാരണക്കാരായ പ്രവ‍ര്‍ത്തകര്‍ തരൂരിനെ പിന്തുണച്ച് ഫ്ലക്സുകളും പ്രകടനങ്ങളും നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.