കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചു: കെസി വേണുഗോപാൽ

single-img
11 September 2022

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അങ്ങിനെ സംഭവിച്ചതിനാലാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി പുതിയ വിവാദം ഉയര്‍ത്തുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

ഇങ്ങിനെയാണോ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെയ്യേണ്ടത്, ഭാരത് ജോഡോ യാത്രക്ക് നല്‍കിയ സ്വീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. ഇതോടൊപ്പം തന്നെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യ ശബ്ദവും പ്രതിപക്ഷ ശബ്ദവും വേണ്ടെന്ന നിലപാടിലാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയാണ് കോണ്‍ഗ്രസിന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹം പടര്‍ത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. നാളെ തിരുവനന്തപുരം നഗരത്തിലാണ് ജോഡോ യാത്രയുടെ പര്യടനം. സംസ്ഥാനത്ത് പതിനെട്ട് ദിവസം പര്യടനം നടത്തുന്ന യാത്ര 29 ന് നിലമ്പൂര്‍ വഴി കര്‍ണ്ണാടകയില്‍ പ്രവേശിക്കും. 150 ദിവസം 3751 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ജമ്മു കാശ്മീരില്‍ സമാപിക്കുക.