കോന്നി ഉല്ലാസയാത്ര; ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം: സുരേന്ദ്രൻ
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ടമായി അവധിയെടുത്ത് മൂന്നാറിൽ ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണം. വിഷയം സംസ്ഥാനം മുഴുവൻ ചർച്ചയായിട്ടും ഉല്ലാസയാത്ര തുടരാനുള്ള ജീവനക്കാരുടെ തീരുമാനം ധാർഷ്ട്യമാണ്.
സംസ്ഥാനത്തെ ഇടത് യൂണിയനുകളിൽപ്പെട്ട ഇവർക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കോന്നി എംഎൽഎക്ക് വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം.ജില്ലയിലെ എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് ഒരു ഭരണകക്ഷി എംഎൽഎക്ക് വിലപിക്കേണ്ടി വരുന്നതിൽ നിന്നു തന്നെ സംസ്ഥാന സർക്കാരിന്റെ പരാജയം വ്യക്തമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ആവശ്യമായ അനുമതിയില്ലാതെ യാത്ര നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ റവന്യു മന്ത്രി കെ.രാജൻ തയ്യാറാവണം. കേരളത്തിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജനദ്രോഹ കേന്ദ്രങ്ങളായി മാറുകയാണ്. പിണറായി സർക്കാരിന്റെ കുത്തഴിഞ്ഞ സമീപനമാണ് സിപിഎം- സിപിഐ സർവ്വീസ് സംഘടനകൾക്ക് വളം വെച്ചുകൊടുക്കുന്നത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.