റിസോര്‍ട്ട് വിവാദം; രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു: ഇപി ജയരാജൻ
കണ്ണൂരിലെ റിസോര്‍ട്ട് വിവാദം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് ഇ പി ജയരാജന്‍. തന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. കണ്ണൂരിൽ ആയുർവേദ റിസോർട്ടുമായി ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജൻ ആവശപ്പെട്ടത് കഴിഞ്ഞ സംസ്ഥാന സമിതിയിലാണ്.
ഈ വാദം വൻ വിവാദമായപ്പോൾ ഇടവേളക്ക് ശേഷം ഇ പി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. തന്റെ ഭാര്യക്കും മകനും റിസോർട്ടിൽ നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപ്പൂര്‍വ്വം വേട്ടയാടുന്നെന്നും ഇ പി ആരോപിച്ചു.
സിപിഎം സംസ്ഥാന സമിതിയിലുയർന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നൽകാനായിരുന്നു സെക്രട്ടേറിയറ്റ് നിർദ്ദേശം. സംസ്ഥാന സമിതിയിൽ പൊട്ടിത്തെറിച്ചും വികാരാധീനനായും ഇ പി മുൻ നിലപാട് വ്യക്തമാക്കി. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇ പിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം.