ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ എൻഡിഎ നിലപാടിനെ എതിർത്ത് ഘടകകക്ഷിയായ പാട്ടാളി മക്കൾ കക്ഷി


ചെന്നൈ: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ എൻഡിഎ നിലപാടിനെ എതിർത്ത് ഘടകകക്ഷിയായ പാട്ടാളി മക്കൾ കക്ഷി. ഏകീകൃത സിവിൽ കോഡ് അനാവശ്യമാണെന്ന് പിഎംകെ നേതാവ് അൻബുമണി രാമദാസ് പ്രതികരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ ഇക്കാര്യം പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡ് ഇന്ത്യക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മതം, ജാതി, ഭാഷ, സംസ്കാരം അങ്ങനെ നിരവധി വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ വൈവിദ്ധ്യത്തെ തകർക്കുന്നതാണ്. അത്തരത്തിലുള്ള ഒന്നിനെയും പിഎംകെ അംഗീകരിക്കില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് രാജ്യത്ത് ചർച്ച ചെയ്യണ്ടത്. ദില്ലിയിൽ മാത്രമാണ് തങ്ങൾ എൻഡിഎക്കൊപ്പം നിൽക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്ത് നിലപാടെടുക്കണം, ആർക്കൊപ്പം നിൽക്കണം എന്നൊന്നും ഞങ്ങൾ തീരുമാനിച്ചിട്ടില്ല. നാളത്തെ എൻഡിഎ യോഗത്തിൽ അവസരം ലഭിക്കുകയാണെങ്കിൽ ഏകീകൃത സിവിൽ കോഡിനെതിരായ നിലപാട് വ്യക്തമാക്കും. അപ്പോഴും വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ നിലപാടെടുത്തിട്ടില്ലെന്ന കാര്യം അൻബുമണി രാമദാസ് ചൂണ്ടിക്കാട്ടി.
സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ബെംഗളൂരുവിൽ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എൻഡിഎയുടെ നാളത്തെ യോഗം പ്രധാന ചർച്ചയാകുന്നത്. 30 പാർട്ടികളാണ് പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന എൻഡിഎ യോഗത്തിൽ പങ്കെടുക്കുക. എല്ലാ ഘടകകക്ഷികളും യോഗത്തിനെത്തും. പാർലമെൻറിലും, പുറത്തും പ്രതിപക്ഷ ഐക്യ നീക്കത്തെ ചെറുക്കാനുള്ള മറുതന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും.