വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന: മുഖ്യമന്ത്രി

single-img
18 October 2022

തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന പ്രസ്താവന നടത്തിയ ഗവര്ണര്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആവഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യം എന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സമൂഹത്തിന് മുന്നിൽ ഗവർണർ അപഹാസ്യനാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ലെന്നും ആ നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടനഎന്നും ഓർമ്മപ്പെടുത്തി.

നമ്മുടെ രാജ്യം ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ്. പാർലമെൻററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെ കർത്തവ്യവും കടമയും എന്തെല്ലാമാണ് എന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കർത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്.

കോടതിവിധികളിലൂടെ അതിന് കൂടുതൽ വ്യക്തത വന്നിട്ടുമുണ്ട്.തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം.

ഡോ. അംബേദ്കർ തന്നെ പറഞ്ഞത്, ഗവർണ്ണറുടെ വിവേചന അധികാരങ്ങൾ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്. ദൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ ‘മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്’ എന്നത് സുപ്രിംകോടതി എടുത്തു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്.

മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്തു സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളും
ആണ്. ഇതൊന്നും അല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധം ആവില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.