ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാ ബാധ്യത: ഹൈക്കോടതി
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരളാ ഹൈക്കോടതി. ദേശസാത്കൃത ബാങ്കുകള്‍ ഇഎംഐ ഈടാക്കിയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാ ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഇത്തരത്തിൽ ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതില്‍ സർക്കാർ നിലപാട് അറിയിക്കണം.
വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇതോടൊപ്പം, ദുരിതബാധിതരിൽ നിലവിൽ ക്യാമ്പിൽ കഴിയുന്നവരെ ഒരാഴ്ചക്കുള്ളിൽ വീടുകളിലേക്ക് മാറ്റി തമാസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഡ്യൂറഞ്ഞതാ ബാധിതർ ക്യാമ്പിൽ ജീവിക്കുന്നത് സന്തോഷകരമായ കാര്യമല്ല. നിലവിൽ ആരെങ്കിലും മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പിന്നിൽ ചില കാരണങ്ങൾ ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. അത് പരിശോധിക്കണം. ദുരന്തം ഉണ്ടായിട്ട് ഒരുമാസം കഴിഞ്ഞുവെന്നും കോടതി ഓർമ്മിപ്പിച്ചു .