സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി; അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സ്ഥാനമൊഴിയുന്നു
ദുബായിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ വരുന്ന സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സ്ഥാനമൊഴിയുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞയായ സാകിയ വാർഡകിനെയാണ് സ്വർണവുമായി പിടികൂടിയത്.
തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും കാരണമാണ് സ്ഥാനമൊഴിയുന്നതെന്നും ഇവർ പറയുന്നു . കഴിഞ്ഞ മാസം അവസാനവാരമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് മുംബൈ വിമാനത്താവളത്തിൽ വെച്ച് വാർഡക്കിനെ സ്വർണവുമായി പിടികൂടിയത്.
ഇവരിൽ നിന്നും സ്വർണം പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തെങ്കിലും നയതന്ത്രപ്രതിരോധം ഉള്ളതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല . അഫ്ഗാനിസ്ഥാനിലെ മുൻ അഷ്‌റഫ് ഗനി സർക്കാരാണ് ഇവരെ നിയമിച്ചത്. 2021-ൽ താലിബാൻ ഇവരെ നീക്കിയെങ്കിലും ഗനി സർക്കാർ നിയമിച്ച നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ഇന്ത്യ ഇപ്പോഴും സഹകരിക്കുന്നത്.