സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍; കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ ഓഗസ്റ്റ് 19 മുതൽ
ആഘോഷ ദിനങ്ങൾ അടുത്തതോടെ ഓണച്ചന്തകൾ ആരംഭിക്കാനൊരുങ്ങി കൺസ്യൂമർഫെഡ്. ഓഗസ്റ്റ് 19 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 ഓണ ചന്തകളാണ് പ്രവർത്തനം തുടങ്ങുക. സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും.
ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അതേസമയം, നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ പത്ത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.
വർദ്ധിക്കുന്ന തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ കൂപ്പണുകള്‍ നല്‍കും. നിലവിൽ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിനു പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമായി ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്.