തുടര്‍ ഭൂചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന തുര്‍ക്കിയിൽ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു
ഇസ്താംബുള്‍: തുടര്‍ ഭൂചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു.
ഭൂചലനത്തെ തുടര്‍ന്നുണ്ടായ തകരാറാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള ഇസ്കെന്‍ഡറന്‍ നഗരത്തിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്കാണ് തീപിടിച്ചത്. രണ്ട് ദിവസമായി അഗ്നിബാധ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചരക്ക് കയറ്റിറക്ക് സ്ഥലത്ത് തീപടര്‍ന്നതോടെ ടെര്‍മിനല്‍ അടച്ചു. വിദേശ കപ്പലുകള്‍ മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കണ്ടെയ്നറുകള്‍ തലകീഴായി മറിയുന്ന അവസ്ഥയുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള പ്രയത്നത്തിലാണ് തുര്‍ക്കിയുടെ കോസ്റ്റ് ഗാര്‍ഡുള്ളതെന്നാണ് റിപ്പോര്‍ട്ട്.
തുറമുഖത്ത് നിന്ന് കറുത്ത പുക വലിയ രീതിയില്‍ ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മേഖലയിലെ മറ്റ് വ്യാവസായിക തുറമുഖങ്ങളില്‍ പ്രശ്നങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഡോക്കുകള്‍ തകര്‍ന്നതായാണ് തുര്‍ക്കിയുടെ ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്. മേഖലയിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. പൈപ്പ് ലൈനുകളിലെ കേടുപാടുകള്‍ പരിഗണിച്ചാണ് നീക്കം. തുര്‍ക്കിയിലെ മറ്റ് തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 5,434 പേരും സിറിയയില്‍ 1,872 പേരും ഉള്‍പ്പടെ ആകെ 7,306 പേര്‍ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.
രാജ്യം കണ്ടതില്‍വച്ച് എറ്റവും വലിയ ഭൂകമ്ബം തകര്‍ത്ത തുര്‍ക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികള്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്ബോള്‍ ആദ്യ ദിവസമുണ്ടായ തുടര്‍ ചലനങ്ങള്‍ നിലച്ചതാണ് പ്രധാന ആശ്വാസമായിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും നിരവധിപ്പേര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല.
കനത്ത മഴയും മഞ്ഞും, റോഡും വൈദ്യുതി ബന്ധങ്ങളും തകര്‍ന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസമായിട്ടുള്ളത്. അതേസമയം അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങള്‍ തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചിട്ടുണ്ട്.