ലിംഗസമത്വം ഉറപ്പാക്കുംവിധം പുനർനിർമ്മിക്കും; തിരുവനന്തപുരത്തെ വിവാദ വെയിറ്റിംഗ് ഷെഡ് നഗരസഭ പൊളിച്ചുമാറ്റി
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാൻ ഇരിപ്പിടം നാട്ടുകാർ മുറിച്ചുമാറ്റിയതുവഴി സംസ്ഥാനമാകെ ചർച്ചയായ തിരുവനന്തപുരത്തെ വിവാദ വെയിറ്റിംഗ് ഷെഡ് ഇന്ന് നഗരസഭ പൊളിച്ചുമാറ്റി. ഇവിടെ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും ഇതിന്റെ നിർമ്മാണമെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്.
സമീപത്തെ കലാലയത്തിലെ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് തടയാൻ രണ്ട് മാസം മുൻപാണ് റസിഡൻസ് അസോസിയെഷൻ ഭാരവാഹികൾ ബെഞ്ച് സീറ്റ് മുറിച്ച് ഒറ്റ സീറ്റ് നിർമ്മിച്ചത്. ഈ നടപടിക്കെതിരെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന ഫോട്ടോയിട്ടതോടെ സംഭവം വിവാദമായി. ഇതോടെ കോർപ്പറേഷൻ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പുതിയ ബസ് സ്റ്റോപ്പ് നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ രണ്ട് മാസം കഴിഞ്ഞിട്ടും ബസ് സ്റ്റോപ്പ് പൊളിച്ചതുമില്ല, പുതുക്കി പണിതതുമില്ലായിരുന്നു. ഇതോടുകൂടി ശ്രീകൃഷ്ണ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബസ് സ്‌റ്റോപ്പ് പുതുക്കി പണിതു. പിന്നാലെയാണ് കോർപ്പറേഷന്റെ അടിയന്തര ഇടപെടൽ. അസോസിയേഷൻ പുതുക്കി പണിത ബസ് സ്റ്റാൻഡ് പൊളിയ്ക്കുകയും ലോറിയിൽ കയറ്റി സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.