പ്രതിപക്ഷ സഖ്യ പേരിനെ ചൊല്ലി വിവാദം;ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി


ദില്ലി: പ്രതിപക്ഷ സഖ്യ പേരിനെ ചൊല്ലി വിവാദം.ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.
അസം മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് ജയ്റാം രമേശ് പറഞ്ഞു. മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍ മോദി ആവശ്യപ്പെട്ടത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പങ്കുവെച്ചാണ് ജയ്റാം രമേശിന്‍റെ വിമർശനം.
പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമ്മിലടിക്കുന്നവരാണ് യോഗം ചേരുന്നത്, പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മർദമാണെന്നും മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബംഗളൂരുവിൽ യോഗം ചേരുന്നത്, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് 50 ശതമാനത്തിലധികം വോട്ട് നേടി എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.