പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനു കുറഞ്ഞത് 94 രൂപ 50 പൈസ 

single-img
1 September 2022

കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ ആണ് കുറഞ്ഞത്.

എന്നാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില 1896 രൂപ 50 പൈസ ആയി. തുടര്‍ച്ചയായിത് അഞ്ചാമത്തെ മാസമാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറയുന്നത്.

കഴിഞ്ഞ ജൂലൈ ആറിന് ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ മൂന്നാമത്തെ പ്രാവശ്യമാണ് വില വര്‍ധിപ്പിച്ചിരുന്നത്. 103 രൂപയാണ് രണ്ട് മാസത്തിനിടെ കൂടിയിരുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില അന്ന് 8.50 രൂപ കുറച്ചിരുന്നു. 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കണക്ക് പ്രകാരം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1976 രൂപ 50 പൈസയാണ് വില. നേരത്തെ 2012 രൂപ 50 പൈസ ആയിരുന്നു. എന്നാല്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോള്‍ 1053 രൂപയാണ് വില.

മറ്റു മെട്രോ നഗരങ്ങളായ കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ 19 കിലോഗ്രാം വരുന്ന സിലിണ്ടറിന് യഥാക്രമം 2095 രൂപ 50 പൈസ, 1936 രൂപ 50 പൈസ, 2141 രൂപ 50 പൈസ ആണ് വില വരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ 19കിലോഗ്രാം സിലിണ്ടറിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,354 രൂപയില്‍ എത്തിയിരുന്നു.