സാങ്കേതിക പങ്കാളിയെ കണ്ടെത്താനുള്ള കെ ഫോൺ ക്ഷണത്തിന് തണുപ്പൻ പ്രതികരണം


തിരുവനന്തപുരം : പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് സാങ്കേതിക പങ്കാളിയെ കണ്ടെത്താനുള്ള കെ ഫോൺ ക്ഷണത്തിന് തണുപ്പൻ പ്രതികരണം. പ്രതീക്ഷിച്ചതിൽ പകുതി കേബിൾ ടിവി ഓപ്പറേറ്റര്‍മാര്‍ പോലും സഹകരിക്കാൻ തയ്യാറായി വന്നില്ല. ഓണത്തിന് മുൻപ് വീടുകളിലേക്ക് കണക്ഷൻ എത്തിക്കുമെന്ന് അവകാശപ്പെടുന്ന കെ ഫോൺ ഇതുവരെ കരാറിലേര്‍പ്പെട്ടത് വെറും 50 ഓപ്പറേറ്റര്‍മാരുമായി മാത്രം.
സർക്കാർ അഭിമാനപദ്ധതിയെന്ന് പറഞ്ഞാണ് പരസ്യങ്ങളിറക്കുന്നതെങ്കിൽ കേബിൾ ടിവിക്കാർക്ക് ആവേശമൊട്ടുമില്ല. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതിനാണ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ വിളിച്ചത്. കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ 9000 ത്തോളം ഓപ്പറേറ്റര്‍മാരുണ്ടെങ്കിലും കെ ഫോൺ പ്രതീഷിച്ചതിന്‍റെ പകുതി ആള് പോലും മുന്നോട്ട് വന്നിട്ടില്ല. ആകെ താൽപര്യം അറിയിച്ചത് 2200 പേര്‍ മാത്രമാണ്. അവരിൽ നിന്ന് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 50 പേരുമായാണ് കരാര്‍. തൊട്ടടുത്ത പോസ്റ്റിൽ നിന്ന് കേബിൽ വലിച്ച് ആവശ്യക്കാര്‍ക്ക് കണക്ഷനെത്തിക്കലാണ് ചുമതല.
‘എന്റെ കെ ഫോൺ ആപ്പിൽ’ കണക്ഷൻ ആവശ്യപ്പെട്ടവരുടെ ലിസ്റ്റ് പിൻകോഡ് അടിസ്ഥാനത്തിൽ തിരിച്ച് ഓപ്പറേറ്റര്‍മാർക്ക് കെ ഫോൺ നൽകും. ഇസ്റ്റലേഷനും മോഡവും ഫ്രീയാണ്. എടുക്കുന്ന പാക്കേജിൽ ജിഎസ്ടിയും എട്ട് ശതമാനം വരുന്ന ടെലിക്കോം ലൈസൻസ് ഫീസും കഴിഞ്ഞ് ബാക്കി തുക കെ ഫോണും കേബിൾ ഓപ്പറേറ്ററും തുല്യമായി പങ്കിടുന്ന വിധത്തിലാണ് കരാര്‍. അടിസ്ഥാന കാര്യങ്ങളിൽ പോലും നിലനിൽക്കുന്ന അവ്യക്തതയും അനിശ്ചിതത്വവും മറ്റ് ഇന്റര്‍ നെറ്റ് പ്രൊവൈഡര്‍മാരിൽ നിലവിലുള്ള സ്വീകാര്യതയുമെല്ലാം തണുപ്പൻ പ്രതികരണത്തിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിലാണ് കെ ഫോൺ. ജില്ലാ അടിസ്ഥാനത്തിൽ കോൺക്ലേവുകൾ സംഘടിപ്പിച്ച് കേബിൾ ടിവി ഓപ്പറേറ്റര്‍മാരുടെ വിശ്വാസം നേടിയെടുക്കാനാണ് അടുത്ത നീക്കം.