കോപ്പ അമേരിക്ക; ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക്

single-img
3 July 2024

കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായി ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തിൽ കൊളംബിയയുമായുള്ള മത്സരത്തിൽ സമനിലയോടെയാണ് ക്വാർട്ടർ ഫൈനൽ പ്രവേശം. 1-1 ആയിരുന്നു മത്സര സ്കോർ. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യ പകുതിയുടെ അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്‍റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.

അതേസമയം , കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കൾ. ക്വാർട്ടറിൽ കൊളംബിയ പനാമയെയും ബ്രസീൽ ഉറുഗ്വേയെയും നേരിടും. ഇന്നത്തെ കളിയിൽ ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിന്‍റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാർഡ് ലഭിച്ചു. 12ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോൾ.

പക്ഷെ , ഗോൾ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയൻ പ്രതിരോധത്തെ കൊളംബിയക്കാർ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗ്രസിന്‍റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയൻ വലക്കുള്ളിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോൾ നിഷേധിച്ചു.

രണ്ടാം പകുതിയിൽ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യൻ സമയം രാവിലെ 6: 30 നാണ് മത്സരം. അന്നേ ദിവസം തന്നെ പുലർച്ചെ 3: 30 നാണ് കൊളംബിയ പനാമ ക്വാർട്ടർ ഫൈനൽ മത്സരം.