കേന്ദ്രത്തിലെ അഴിമതി രഹിത സർക്കാർ രാജ്യത്തിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചു: അമിത് ഷാ


ദേശീയ രാഷ്ട്രീയത്തിലെ സ്ഥിരതയും കേന്ദ്രത്തിലെ അഴിമതി രഹിത സർക്കാരും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2025ഓടെ രാജ്യം തീർച്ചയായും 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അമിത് ഷാ ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.
“വികസനം, സമ്പദ് വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വർഷമായി രാജ്യം വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. 2025 ആകുമ്പോൾ ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും” അമിത് ഷാ പറഞ്ഞു.
ഇതോടൊപ്പം 2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ച മോർഗൻ സ്‌റ്റാൻലിയുടെ മുൻപത്തെ റിപ്പോർട്ടും അദ്ദേഹം ഉദ്ധരിച്ചു. “മോർഗൻ സ്‌റ്റാൻലിയുടെ റിപ്പോർട്ട് പ്രകാരം , 2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ഇതിന് അടിസ്ഥാന സൗകര്യങ്ങൾ വളരെ പ്രധാനമാണ്. ഫലപ്രദവും സുതാര്യവുമായ നയങ്ങൾ കാരണം, കഴിഞ്ഞ എട്ട് വർഷത്തിനിടെ മോദി സർക്കാർ വിവിധ മേഖലകളിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു” അമിത് ഷാ ചൂണ്ടിക്കാട്ടി.