പാർട്ടിയിൽ ജീർണതകൾ പല രീതിയിൽ രൂപപ്പെട്ടുവരുന്നു; അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം: എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഎമ്മിന്റെ മുന്നോട്ടുള്ള യാത്രകളിൽ പാർട്ടി സംഘടാപരമായ ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . പാർട്ടിയിൽ ജീർണതകൾ പല രീതിയിൽ രൂപപ്പെട്ടുവരുന്നുണ്ടെന്നും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പാർട്ടി ശരിയായ നിലപാട് സ്വീകരിച്ചുകൊണ്ട് മാത്രമാണ് മുന്നോട്ട് പോകുകയെന്നും എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തെറ്റായ പ്രവണതകൾ ഏത് മേഖലയിൽ ഉണ്ടായാലും അതിനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല. കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണതയാണ്, അത് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു അതിനുള്ള നിലപാടും സ്വീകരിച്ചതാണ്
സമ്മേളനങ്ങൾ ആരംഭിച്ചിട്ടും തെറ്റായ കാര്യങ്ങളാണ് നടന്നത് ഇക്കാര്യങ്ങൾ പാർട്ടിക്ക് ഗുണകരമായ കാര്യമല്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ആ ഏരിയ കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചതും പുതിയ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നിട്ടുള്ളതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
യാതൊരു മുൻവിധിയും ഇല്ലാതെ കൃത്യമായ മൂല്യങ്ങൾ പരിശോധിച്ച് അഡ്‌ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാവും. പാർട്ടിക്ക് വിമർശനങ്ങൾ വേണം. പാർട്ടിക്കകത്തെ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിമർശനങ്ങൾ ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്യും. പല മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് അജണ്ടയുടെ ഭാഗമായ ചർച്ച മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.