2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകും; പ്രവചനവുമായി കർണാടകയിൽ നിന്നുള്ള ജ്യോതിഷി
അടുത്ത വർഷം ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി കർണാടകയിലെ തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി. 2024ൽ രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നും ഇദ്ദേഹം പ്രവചിച്ചു.
ഇദ്ദേഹത്തിന്റെ പ്രവചനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അടുത്തിടെ നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും ഇദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്ര മോദി സർക്കാറിന് ഭരണം നിലനിർത്താമെന്നും നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് അധികാരമാറ്റം സംഭവിക്കുകയെന്നും ജ്യോതിഷി പ്രവചിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരിൽ ആരാകും പ്രധാനമന്ത്രി എന്നത് ഫെബ്രുവരിക്ക് ശേഷം പ്രവചിക്കും. കർണാടക നിയമസഭയിൽ വിജയപുരയിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചു.