മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറു ബിജെപി നേതാക്കളെയും കോടതി വെറുതേവിട്ടു. കാസർകോട് ജില്ലാ സെഷന്‍സ് കോടതി. കേസ് നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു ഇവര്‍ക്കെതിരേയുള്ള കേസ്. പത്രിക പിന്‍വലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍, കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് എടുത്തിരുന്നത് . എന്നാൽ , ഈ കേസ് കെട്ടിച്ചമതാണെന്നായിരുന്നു ആദ്യ ഘട്ടം മുതല്‍ സുരേന്ദ്രന്‍ വാദിച്ചത്.
ഈ വാദത്തിനെ കോടതി അംഗീകരിക്കുകയായിരുന്നു. തന്നെ താറടിച്ചു കാണിക്കാന്‍ വേണ്ടി മനപ്പൂര്‍വം കേസ് കെട്ടിച്ചമതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നിമയത്തെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയിൽ പറഞ്ഞു .