വ്യാജ സംഭാവന രസീതുകള്‍ ഉണ്ടാക്കി ഇന്ത്യയിലേക്ക് ഹവാല പണമൊഴുക്കി; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി
നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കിയ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കി ദില്ലി എൻഐഎ കോടതി. അന്വേഷണ ഏജൻസിയായ എന്‍ഐഎയുടെ ആവശ്യപ്രകാരം അഞ്ച് ദിവസത്തേക്കാണ് പത്തൊമ്പത് നേതാക്കളുടെ കസ്റ്റഡി നീട്ടിയത്.
അതേസമയം, അബുദാബിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് വ്യാജ സംഭാവനാ രസീതുകൾ ഉണ്ടാക്കി പോപ്പുലർ ഫ്രണ്ട് ഇന്ത്യയിലേക്ക് കോടികളുടെ ഹവാല പണം ഒഴുക്കിയതായി ഇഡി കോടതിയെ അറിയിച്ചു. കൂടുതൽ വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടതിനാല്‍ അഞ്ച് ദിവസം കൂടി കസ്റ്റഡി വേണമെന്ന് അന്വേഷ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടു. അത് കോടതി അംഗീകരിക്കുകയായിരുന്നു.
തങ്ങൾക്കെതിരായ റിമാന്‍ഡ് റിപ്പോർട്ടും എഫ്ഐആറിന്‍റെ പകർപ്പും ഇന്നും പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അനുവദിക്കപ്പെട്ടില്ല. സംഘടനയുടെ രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇഡി കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു.
അബുദാബിയിൽ പ്രവർത്തിക്കുന്ന ധർബാർ ഹോട്ടല്‍ ഹബ്ബാക്കിയാണ് ഇന്ത്യയിലേക്ക് പിഎഫ്ഐ ഹവാല പണമൊഴുക്കിയത് എന്നാണ് ഇഡി പറയുന്നത് . മുൻപ് അറസ്റ്റ് ചെയ്യപ്പെട്ട അബുദുള്‍ റസാക്ക് ബിപിയാണ് ഹോട്ടലിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും ഇഡി ആരോപിക്കുന്നു.