കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടികൂടാമായിരുന്നു: മന്ത്രി എ കെ ശശീന്ദ്രൻ
കോടതി ഇടപെട്ടില്ലായിരുന്നു എങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടിക്കാമായിരുന്നുവെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ വിഷയത്തിൽ കെ ശശീന്ദ്രൻ. കോടതിയിൽ ഹർജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിലായത്. ജനങ്ങളുടെ സാന്നിധ്യം ദൗത്യം പൂർത്തിയാക്കുന്നതിന് സഹായകരമല്ലെന്നും വിമർശനമുന്നയിക്കുന്നവർക്ക് മാറി നിന്ന് വിമർശനമുന്നയിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇപ്പോഴും അരിക്കൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്നും അവർ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചൂട് കൂടുതൽ ആയതിനാലാകാം ഇന്ന് അരിക്കൊമ്പനെ കണ്ടെത്താനാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുവന്നാലും ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടിയാൽ എങ്ങോട്ടു കൊണ്ടു പോകുമെന്ന കാര്യത്തിൽ വനംവകുപ്പ് രഹസ്യാത്മകത സൂക്ഷിക്കുമ്പോൾ അരിക്കൊമ്പനെ തെക്കൻ ജില്ലയിലേക്ക് മാറ്റുമെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന.