ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു


ബെയ്ജിങ്: ചൈനയില്‍ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ വൈറസ് ബാധിതരെ പാര്‍പ്പിക്കാനായി വന്‍ തോതില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
13കോടി ജനങ്ങള്‍ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവില്‍ രണ്ടര ലക്ഷം രോഗികളെ പാര്‍പ്പിക്കാനുള്ള താത്കാലിക ക്വാറന്റൈന്‍, ആശുപത്രി സൗകര്യങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. നഗരത്തില്‍ വലിയ തോതിലാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. ശനിയാഴ്ച മാത്രം ഗ്വാങ്ഷുവില്‍ 7,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്തു വന്ന വിവരം.
താത്കാലിക ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെയും നിര്‍മാണം നടക്കുന്നവയുടേയും വീഡിയോ കിഴക്കന്‍ യൂറോപ്യന്‍ മാധ്യമമായ നെക്സ്റ്റ പുറത്തു വിട്ടിട്ടുണ്ട്. 80,000 പേരെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈന്‍ കേന്ദ്രമാണ് നിലവില്‍ നിര്‍മാണത്തിലുള്ളത്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി താത്കാലിക ആശുപത്രികളും ഐസൊലേഷന്‍ സെന്ററുകളും ത്വരിത ഗതിയില്‍ നിര്‍മിക്കുന്നത്. രണ്ടര ലക്ഷം കിടക്കകളാണ് ഇത്തരത്തില്‍ താത്കാലികമായി ഏര്‍പ്പെടുത്തുന്നത്.
ഹെയ്‌സു നഗരത്തില്‍ 95,300 പേരെ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രി, ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെയ്ജിങ് അടക്കമുള്ള രാജ്യത്തെ മറ്റ് നഗരങ്ങളിലും കോവിഡ് പടര്‍ന്നു പിടിക്കുന്നുണ്ട്. ചോങ്ക്വിങ്, ഗ്വാങ്ഷു നഗരങ്ങളിലാണ് പുതിയതായി വൈറസ് ബാധ രൂക്ഷമായി പടരുന്നത്. ചൊവാഴ്ച രാജ്യത്ത് 38,645 പേരാണ് പുതിയ രോഗികള്‍. 3,624 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. 35,021 പേര്‍ക്ക് ലക്ഷണങ്ങളില്ല.