പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു
കണ്ണൂര്‍: പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നാല് പശുക്കളുടെ നില അതീവ ഗുരുതരമാണ്.
പയ്യന്നൂരിലെ ക്ഷീര കര്‍ഷകന്‍ എല്‍ഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ച ശേഷമാണ് പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് കിടാവുകളായിരുന്നു. ഇവയില്‍ ഒന്നാണ് ചത്തതെന്നാണ് ലഭിക്കുന്ന വിവരം. പയ്യന്നൂര്‍ വെറ്റിനറി ആശുപത്രി ഡോക്ടര്‍മാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയര്‍ വെറ്റിനറി സര്‍ജന്‍ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്.
രണ്ട് ദിവസം മുന്‍പാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനില്‍ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പശുക്കള്‍ക്ക് നല്‍കി. എന്നാല്‍ പശുക്കള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ വെറ്ററിനറി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തി ചികിത്സിച്ച് മടങ്ങി. പിന്നീട് പശുക്കളുടെ നില വഷളാവുകയും ഒരു പശു ചത്തു പോവുകയുമായിരുന്നു. ചോറ് പഴകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.